പ്രണയം

പ്രിയപ്പെട്ടവനേ...

ഇത്‌ എണ്റ്റെ പ്രണയമാണ്‌.
എണ്റ്റെ കണ്ണില്‍ കൊളുത്തിവെച്ചിട്ടുംനീ കാണാതെപോയത്‌....
എണ്റ്റെ ചുണ്ടില്‍ വിറയാര്‍ന്നുനിന്നിട്ടുംനീ അറിയാതെപോയത്‌..

അല്ലെങ്കിലും നീയെങ്ങനെ എന്നെ അറിയാനാണ്‌.. ?
ഞാനൊരിക്കലും എന്നെനിനക്കെതിര്‍പാര്‍ത്തു നിര്‍ത്തിയിട്ടില്ലല്ലോ...

ഞാനെന്നും നിനക്കു പിറകെയായിരുന്നു.

നീ നടന്ന വഴികളിലൂടെ ദിവസങ്ങള്‍ക്കു ശേഷം നടക്കുമ്പോഴും,
നിന്നെ പിന്തുടരുകയാണെന്ന്‌ വെറുതെ ഓര്‍ത്തുകൊണ്ട്‌...

ഞാനെന്നും നിണ്റ്റെ കാഴ്ച്ചവട്ടത്തിനു പുറത്തായിരുന്നു.

എണ്റ്റെ ഹ്യദയം നിണ്റ്റെ ഹ്യദയതാളത്തിനൊപ്പംമിടിക്കുന്നത്‌ ഞാനറിഞ്ഞിരുന്നു.
എണ്റ്റെ ദിനസരിക്കുറിപ്പുകള്‍ നിണ്റ്റെ പേരിണ്റ്റെ കണക്കുപുസ്തകങ്ങളായി..
ഞാന്‍ നിന്നെ നിരന്തരം സ്വപ്നം കാണുകയുംനിനക്കുവേണ്ടി
നിരന്തരം എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു.
ആ കുറിപ്പുകള്‍ വായിക്കുന്നതില്‍ നിന്നും നിന്നെ വിലക്കിയത്‌
എന്നൊടുള്ള നിണ്റ്റെ സ്നേഹക്കൂടുതലാണെന്ന്‌ഞാന്‍ തിരിച്ചറിയുന്നു.

പാതിവഴിയില്‍ പരിത്യക്തരായ എല്ലാ പ്രണയിനികളുടേയും ആത്മാവ്‌
എന്നിലേക്കാവേശിച്ച്‌ നിര്‍ത്താതെ നിലവിളിക്കുന്നു.

എനിക്കുനിന്നെ പ്രണയിക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ.... ?

എന്നാലും...

കൌമാരത്തുടക്കത്തില്‍ മനസ്സിലുദിച്ച മഷിപുരളാതെ
മരിച്ചുമരവിച്ച കവിതകള്‍ പോലെ,
എന്നില്‍ തന്നെ ഘനീഭവിച്ചുപോകുന്ന ഒന്നായി
ഞാനെണ്റ്റെ പ്രണയത്തെ തിരിച്ചറിയുന്നു.

ഒരിക്കല്‍...

ഒരിക്കലെന്നെങ്കിലും പിന്നിലൊരു ഇലയനക്കം,
ഒരു പദവിന്യാസം,
ഒരു വസ്ത്രമര്‍മരം കേട്ട്‌ നീ തിരിഞ്ഞുനോക്കിയേക്കാം..

അല്ല...അതു ഞാനാവില്ല.

ഞാനപ്പോഴും കാത്തുനില്‍ക്കുകയാവും,
നീ കടന്നുപോയ വഴിയേ യുഗങ്ങള്‍ക്ക്‌ ശേഷവും
കാലൊച്ചകേള്‍പ്പിക്കാതെ നടക്കാന്‍..
നിന്നെ പിന്തുടരുകയാണെന്ന്‌ വെറുതെ വ്യാമോഹിച്ചുകൊണ്ട്‌...

പ്രിയനേ...

പ്രണയം ചിലപ്പോള്‍ ഇങ്ങനേയുമാണ്‌...
കാലൊച്ച കേള്‍പ്പിക്കാതെ, ഹ്യദയത്തിലേക്ക്‌ നടന്ന്‌ കയറാതെ,
അത്‌ നിശ്ശബ്ദമായി നിന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.

ജന്‍മങ്ങള്‍ക്കുമപ്പുറത്തേക്ക്‌......

1 comment:

mini said...

da ninaku vattu thanne
allathe enthu parayan