പറയാന്‍ മറന്നത്



എണ്റ്റെയുള്ളില്‍ നീയെന്നും വേദനിക്കുന്ന ഒരോര്‍മയാണ്‌.
ആഴങ്ങളിലേക്കെത്തി നോക്കിയാല്‍ നീയെനിക്കോ ഞാന്‍ നിനക്കോ
ആരുമല്ലായിരിക്കും. പക്ഷേ ആത്മബന്ധം കൊണ്ട്‌ നീയെനിക്കാരൊക്കെയോആയിരുന്നു.
സ്വപ്നങ്ങള്‍ക്ക്‌ യാഥാര്‍ത്ഥ്യവുമായി സൌഹ്യദമില്ലെന്നും
വികാരത്തിന്‌ സ്നേഹവുമായി നിഗൂഢബന്ധമുണ്ടെന്നും
എന്നെ പഠിപ്പിച്ചത്‌ നീയായിരുന്നു.

ഒലിവ്‌ താഴ്‌വരയില്‍ പനിനീര്‍പൂക്കള്‍ കൈമാറിക്കൊണ്ടാരംഭിച്ച സൌഹ്യദമായിരുന്നില്ലനമ്മുടേത്‌..

ഇഷ്ടമായിരുന്നു ഒരുപാട്‌...


എന്നെ മറന്നേക്കൂ'
എന്നു നിന്നോടെനിക്കു പറയാതെ പറയേണ്ടി വന്നപ്പോഴും
നീയോര്‍ത്തില്ല,

വ്യവസ്ഥകളില്ലാത്ത സ്നേഹം,

അതൊരിക്കലും മരിക്കില്ലെന്ന്‌..
കാലങ്ങളെത്ര കഴിഞ്ഞാലും ഹ്യദയത്തിണ്റ്റെ ഉള്ളറകളില്‍ ദേവസംഗീതമായി അത്‌
അലയടിക്കും.
മനസ്സ്‌ തുറന്ന്‌ ചിരിക്കാനോ സന്തോഷിക്കാനോ എനിക്ക്‌ കഴിയുന്നില്ല.

ആകാശനീലിമ പോലെ അനന്തതയിലേക്ക്‌ നീ പോയി.
കാലം വേദനിപ്പിക്കില്ലെന തോന്നല്‍
മിഥ്യയായ്‌ പൊട്ടിച്ചിതറുമ്പോള്‍,
ഒന്നും അറിയാത്ത വിധം അന്യയായ്‌ നീ അകന്നപ്പോള്‍,
എണ്റ്റെ മനസ്സില്‍ നിന്നു കൂടി അടര്‍ത്തി മാറ്റാന്‍ കഴിഞ്ഞെങ്കിലെന്ന്‌
ഞാന്‍ ആഗ്രഹിച്ചിരുന്നു.
ഒരുപാട്‌ പ്രാര്‍ഥിച്ചിരുന്നു.
ചിലപ്പോഴൊക്കെ വിജയിക്കുകയും ചെയ്തു.

എങ്കിലും കൂട്ടുകാരീ...

സ്നേഹത്തിണ്റ്റെ, ത്യാഗത്തിണ്റ്റെ, സഹനത്തിണ്റ്റെ
കുടുംബിനിയായ്‌ നീ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍
എണ്റ്റെ മനസ്സ്‌ എന്തുമാത്രം സ്വസ്ഥമായിരുന്നേനെ...
ഇല പൊഴിഞ്ഞ്‌ നഗ്നമായ ചില്ലകളില്
വീണ്ടുമൊരു തളിര്‍കാലം അപ്പോഴേ വരുകയുള്ളൂ..

ഒാര്‍മകള്‍ മരിക്കാത്ത മനസ്സുമായി
ഞാന്‍ ഉറങ്ങാന്‍ കഴിയാതെ നിലാവ്‌ വീണ പുല്‍മേട്ടിലേക്ക്‌
നോക്കി ജാലകത്തിനരികിലിരിക്കെ
ആ പുല്‍മേടിനെ തഴുകി,
വിദൂരതീരങ്ങളില്‍ എവിടുന്നോ
ഒരു കാറ്റ്‌ ചൂളം വിളിച്ചെത്താറുണ്ട്‌.
ആ കാറ്റിണ്റ്റെ ചിറകിലേന്തി നീ വന്നിരുന്നെങ്കില്‍ എന്നു
ഞാനാഗ്രഹിക്കാറുണ്ട്‌.
എണ്റ്റെ പ്രിയപ്പെട്ട കൂട്ടുകാരിയോട്‌ പറയാന്‍ ബാക്കി വെച്ച
ഒരുവാക്കു കൂടിയുണ്ട്‌.
അതു പറയാതെങ്ങനെ എനിക്ക്‌.....

പക്ഷെ എണ്റ്റെ കാത്തിരിപ്പ്‌ വെറുതെയാണെന്ന്‌
ഇപ്പോഴെനിക്കറിയാം.
കാറ്റിണ്റ്റെ ചിറകിലേറി നീ വരില്ല...
നിനക്ക്‌ വരാനാവില്ല...

ഇനിയൊരിക്കലും.