ഒരു കുഞ്ഞിളം പുഞ്ചിരിക്ക്‌...



ഇരവും പകലും നിനക്കായി മാത്രം
സ്വപ്നവും നെയ്ത്‌ ഞാന്‍ കാത്തിരുന്നു.
ഹ്യദയത്തിനുള്ളില്‍ നിന്നെക്കുറിച്ചോര്‍ത്ത്‌
ഒത്തിരി വര്‍ണങ്ങള്‍ നെയ്തിരുന്നു.

ഓരോ പ്രതീക്ഷയും നീയെന്ന പൂമൊട്ട്‌
വിടരുന്നതോര്‍ത്തായിരുന്നു.

കുഞ്ഞേ...

പകലിന്റെ വെണ്‍മ നിന്‍ ഹ്യദയത്തിനുണ്ടെന്ന
പരമാര്‍ഥം ഞാനറിഞ്ഞിരുന്നു.
നീര്‍മണിയുതിരുമ്പോള്‍ വിരല്‍നീട്ടിതുടക്കുന്ന
പിഞ്ചുവിരലെന്റെ സ്വപ്നത്തിലുണ്ടായിരുന്നു.

ഒരു നോക്ക്‌ കാണുവാന്‍,
മാറോട്‌ ചേര്‍ക്കുവാന്‍
ഒരുപാട്‌ ഞാന്‍ കൊതിച്ചിരുന്നു.
എന്തേ നീ കണ്ടീല നിന്നമ്മ തന്‍ നൊമ്പരം,
കണ്ടിട്ടും കാണാതിരുന്നതാണോ... ?

പുലരിയും സന്ധ്യയും മാഞ്ഞുപോമെങ്കിലും
എന്‍ ഹ്യദയം പിടയുമിനി നിന്നെയോര്‍ത്ത്‌..
കഥകള്‍ പലതും പറഞ്ഞുകൊണ്ടങ്ങിനെ
പലരും നടന്നു മറഞ്ഞുപോയി.

അതുപോലെ നീയും.....

ഇനി നീയൊരിക്കലും വരില്ലെന്നറിയുമ്പോള്‍
എന്റെ ഹ്യത്തടം വിങ്ങി വിതുമ്പിടുന്നു.
ഒടുവില്‍ ചെന്നെത്തൂന്ന കടവിലെത്തോണിയില്‍
കയറിതുഴഞ്ഞു നീ പോയിയെന്നാകിലും
പിറകിലെ പച്ചത്തുരുത്തില്‍ പിടയുന്നൊരമ്മതന്‍
പ്രാണന്‍ പറിയുന്ന വേദന കാണാതിരിക്കുവാന്‍-
ഇല്ലയെന്‍ കുഞ്ഞേ നിനക്കാവില്ലയെങ്കിലും....
കിട്ടാത്ത വാത്സല്യമത്രയുമേകുവാന്‍
ഒരുനാളില്‍ ഞാനുമെത്താതിരിക്കുമോ... ?

കാത്തിരുന്നീടുക,
നീ നിണ്റ്റെ ലോകത്തില്‍
ഒരു മുത്തമെങ്കിലും നിന്‍ കവിളില്‍ തരാതെങ്ങനെ
സ്വസ്ഥമായെനിക്കുറങ്ങാനാവുമോമനേ... ?

1 comment:

smitha adharsh said...

വാല്‍സല്യം വേണ്ടുവോളം അനുഭവിക്കാന്‍ അവന്‍ അല്ലെങ്കില്‍ അവള്‍ തീര്ച്ചയായും എത്തും.